ചരിത്ര സന്ദർശനത്തിനായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ അബുദാബിയിൽ

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹദൂതുമായി ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ അബുദാബിയിൽ എത്തിച്ചേർന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ എത്തിച്ചേരുന്നത്. ഇന്ത്യൻ സമയം രാത്രി 11.30-ന് പ്രെസിഡൻഷ്യൽ വിമാന താവളത്തിലെത്തിയ മാർപാപ്പയെയും സംഘത്തെയും അബുദാബി കിരീടാവകാശിയും സായുധസേനാ ഉപ സർവസൈനാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് ഉച്ചക്ക് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മാർപാപ്പയ്ക്ക് ഔദ്യോഗിക വരവേൽപ്പ് നൽകും. അബുദാബിയിൽ നടക്കുന്ന രാജ്യാന്തര മാനവ സാഹോദര്യ സമാപന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യഅതിഥി ആയിരിക്കും. കേരളത്തിൽനിന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ 10.30-ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും.  മോറാൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, സിറോ-മലബാർ സഭയുടെ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി,  സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയേറ്റ് ബിഷപ് ഡോ. പോൾ ഹിൻഡർ എന്നിവർ മാർപാപ്പയോടൊപ്പം ദിവ്യബലിയിൽ സഹകാർമികരായിരിക്കും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മാർപാപ്പ അബുദാബിയിൽ എത്തിയിരിക്കുന്നത് .

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *