പൂന-കട്കി സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ്

മലങ്കര കത്തോലിക്കാ സഭയുടെ പൂന-കട്കി സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭദ്രാസനമായി ഉയര്‍ത്തി. നിലവിലെ എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ് പുതിയ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാകും. മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഇതു സംബന്ധിച്ച ശിപാര്‍ശ മാര്‍പ്പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം പൂന-കട്കി സെന്റ് മേരീസ് കത്തീഡ്രലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. റോമിലും പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ന് പ്രഖ്യാപനം നടന്നു. തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയ്ക്ക് പുറമേ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവയുടെ ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ ഭദ്രാസനം. വിവിധ പട്ടണങ്ങളിലായി 33 ഇടവകകളും വിവിധ മിഷന്‍ സെന്ററുകളും ഉള്‍പ്പെടെ 8 മിഷന്‍ മേഖലകളുമാണ് പുതിയ ഭദ്രാസനത്തിനുള്ളത്. 32 വൈദീകരും ബഥനി മേരിമക്കള്‍ സന്ന്യാസിനി ഭവനങ്ങളും ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹ്യ വികസനം എന്നീ മേഖലകളില്‍ ഭദ്രാസനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളും, സെക്കന്ററി, പ്രൈമറി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ഭദ്രാസനത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ സേവാ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഭദ്രാസന അദ്ധ്യക്ഷനായ ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ് ബഥനി ആശ്രമാംഗമാണ്. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ അടൂര്‍ ഇടവാംഗമാണ്. നേരത്തേ സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററില്‍ കൂരിയാ മെത്രാനായിരുന്നു. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ദൈവദാസന്‍ മാര്‍ ഈവാനിയോസ് നാമകരണ നടപടിക്കുള്ള പോസ്റ്റുലേറ്റര്‍, സഭാ കാര്യാലയത്തിന്റെ ചാന്‍സിലര്‍ തുടങ്ങി വിവിധ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.