പാറശ്ശാല ഭദ്രാസന ദിനം

പാറശ്ശാല ഭദ്രാസനം 2019 സെപ്തംബര്‍ 5-ാം തീയതി വ്യാഴാഴ്ച്ച രൂപതാ ദിനമായി ആഘോഷിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകള്‍, കുടുംബങ്ങള്‍, സന്യാസിനി ഭവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായെ സന്ദര്‍ശിക്കുകയും ബിഷപ്പ്‌സ് ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. ബഹുമാനപ്പെട്ട ബെനഡിക്ട് അച്ചന്റെ നേതൃത്വത്തില്‍ രാവിലെ 10.30 മുതല്‍ കുടയാല്‍ ജപമാല രാജ്ഞി ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടു. തുടര്‍ന്ന് അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനമധ്യേ പാറശ്ശാല ഭദ്രാസന വികാരി ജനറാള്‍ റൈറ്റ.് റവ. മോണ്‍. സെലിന്‍ ജോസ് കോണത്തുവിള വചന സന്ദേശം നല്‍കി.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. വര്‍ഗീസ് നടുതലയെയും റവ. ഫാ. തോമസ് കുഴിനാപുറത്തിനെയും അഭിവന്ദ്യ പിതാവ് അനുമോദിച്ചു വിശിഷ്ട സേവനത്തിനുള്ള പ്രസിഡന്റിന്റെ പോലീസ് മെഡല്‍ കരസ്ഥമാക്കിയ സാബു വെണ്ണിയൂരിനെയും കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി പരീക്ഷകളില്‍ റാങ്കുകള്‍ കരസ്ഥമാക്കിയ ഗായത്രി എ. ആര്‍., പാര്‍വതി ജി. എസ്., സരിത സി. എസ്. എന്നിവരെയും മെമെന്റോ നല്‍കി അഭിനന്ദിച്ചു. സ്‌നേഹഭോജനത്തോടുകൂടി രൂപതാദിന ആഘോഷങ്ങള്‍ സമാപിച്ചു.